കഞ്ഞിക്കുഴി: വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. ആൽപ്പാറ വെട്ടിക്കൽ ദേവസ്യയുടെ മകൻ ആൽബിൻ (27) ആണ് മരിച്ചത്. പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ വ്യൂ പോയിന്റിൽ ഫോട്ടോ എടുക്കുന്നതിനിടെ പാറയിൽനിന്ന് കാൽ വഴുതി കൊക്കയിലേക്ക് വീണാണ് അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സും കഞ്ഞിക്കുഴി പൊലിസും നാട്ടുകാരും ചേർന്ന് ആൽബിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഞ്ഞിക്കുഴി പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. അമ്മ: മിനി. സഹോദരി: ആൽബി.